സൗദി അറേബ്യ വര്‍ഷങ്ങളായി നിലനിന്നിരുന്ന സിനിമാ നിരോധനം നീക്കിയതിന് പിന്നാലെ പുതിയ കരാറുകള്‍ ഒപ്പുവച്ചു. രാജ്യത്ത് സിനിമാശാലകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കന്‍ കമ്പനികളാണ് ഇതിന് തയ്യാറായി മുന്നോട്ട് വന്നത്. സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. സൗദിയുടെ എണ്ണ ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നും അമേരിക്കയാണ്. സൗദി അറേബ്യയിലെ മാറ്റങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. പുതിയ കരാറുകള്‍ അതിന്റെ ഭാഗമാണ്. വന്‍ മാറ്റങ്ങളാണ് അമേരിക്കന്‍ കമ്പനി സൗദിയില്‍ വരുത്താന്‍ പോകുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ സിനിമാശാല ശൃംഖലയുള്ള കമ്പനിയാണ് എഎംസി എന്റര്‍ടൈമെന്റ്. ഇവരാണ് സൗദിയിലേക്ക് എത്തുന്നത്. സിനിമാ നിരോധനം നീക്കിയതിന് തൊട്ടുപിന്നാലെയാണ് സൗദിയിലേക്ക് കമ്പനിയുടെ വരവ്. സൗദിയിലെ മിക്ക സ്ഥലങ്ങളിലും ഇവര്‍ സിനിമാ ശാലകള്‍ നിര്‍മിക്കും.